ഹൂസ്റ്റൺ: അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലെ മലയാളികളെ ഒരുമിപ്പിക്കുന്ന ഫോമാ (FOMA) ഇന്റർനാഷണൽ ഫാമിലി കൺവൻഷന് ഇനി 26 ദിവസം മാത്രം. ജൂലൈ 30, 31, ഓഗസ്റ്റ് 1, 2 തീയതികളിൽ ഹൂസ്റ്റണിലെ വിൻഡ്ഹാം ഹൂസ്റ്റൺ ഹോട്ടലിൽ നടക്കുന്ന മഹാസമ്മേളനത്തിന്റെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക് കടന്നതായി സംഘാടക സമിതി അറിയിച്ചു.
ഫോമയ്ക്ക് ജന്മം നൽകിയ ഹൂസ്റ്റണിൽ വീണ്ടും അരങ്ങേറുന്ന കൺവൻഷൻ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ സമ്മേളനങ്ങളിലൊന്നാക്കി മാറ്റാനുള്ള ശ്രമത്തിലാണ് സംഘാടകർ. വിവിധ റീജണുകളിലെയും ദേശീയ ഭാരവാഹികളുടെയും സജീവ പങ്കാളിത്തത്തോടെ ഓരോ മൂന്ന് ദിവസത്തിലൊരിക്കൽ അവലോകന യോഗങ്ങൾ ചേർന്ന് വിവിധ കമ്മിറ്റികളുടെ പ്രവർത്തന പുരോഗതി വിലയിരുത്തുകയും തുടർ നടപടികൾ ഏകോപിപ്പിക്കുകയും ചെയ്യുന്നു.
ജൂലൈ 2ന് അപ്ന ബസാറിൽ ചേർന്ന സതേൺ റീജൺ പ്രവർത്തകയോഗത്തിൽ വിവിധ കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ വിലയിരുത്തി. ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേൽ അധ്യക്ഷത വഹിച്ചു.കൺവെൻഷൻ ചെയർമാൻ സുബിൻ കുമാരൻ ഓരോരുത്തരുടെയും കൂട്ടായ പിന്തുണ ആവശ്യപ്പെട്ട് എല്ലാവരെയും സ്വാഗതം ചെയ്തു. തന്റെ സ്വന്തം തട്ടകമായ ഹൂസ്റ്റണിൽ നടക്കുന്ന ഈ കൺവൻഷൻ അവിസ്മരണീയമാക്കാൻ എല്ലാ പ്രവർത്തകരുടെയും കൂട്ടായ പരിശ്രമമാണ് ശക്തിയെന്ന് പ്രസിഡന്റ് ബേബി മണക്കുന്നേൽ പറഞ്ഞു. ഓരോ പ്രവർത്തനത്തിനും വ്യക്തിപരമായ ശ്രദ്ധ നൽകി അദ്ദേഹം നേതൃത്വം നല്കിവരുന്നു.
ജനറൽ കൺവീനർ ജിജു കുളങ്ങര ഫോമായുടെ ചരിത്രത്തിലെ ഏറ്റവും മികച്ച കൺവെൻഷനുകളിലൊന്നാക്കി ഈ സമ്മേളനത്തെ മാറ്റാൻ എല്ലാ കമ്മിറ്റികളും ആത്മാർഥമായി പ്രവർത്തിച്ചുവരുന്നതായി പറഞ്ഞു.ബേബി മണക്കുന്നേൽ, ജിജു കുളങ്ങര,, ഷാജി എഡ്വേർഡ് ടീം തയ്യാറാക്കിയ പ്രോഗ്രാമുകളുടെ ഏകദേശ രൂപം ജിജു അവതരിപ്പിച്ചു. പ്രോഗ്രാമുകളിൽ ഒരു പാട് സർപ്രൈസുകൾ ഒളിഞ്ഞിരുപ്പുണ്ടെന്ന് ടീം പറഞ്ഞു.യോഗത്തിൽ വിവിധ കമ്മിറ്റികളുടെ പ്രവർത്തന പുരോഗതി ബന്ധപ്പെട്ട ഭാരവാഹികൾ അവതരിപ്പിച്ചു.
രാജൻ യോഹന്നാൻ (സെക്യൂരിറ്റി), ജീമോൻ റാന്നി (പ്രസ് മീറ്റ്), പൊടിയമ്മ പിള്ള (ഉദ്ഘാടന ഘോഷയാത്ര), ജോയ് എൻ. സാമുവൽ (സ്വീകരണഅതിഥി സത്കാര കമ്മിറ്റി), ജോൺ ഉമ്മൻ (പ്രസാദ്) (ബിസിനസ് മീറ്റ്), ക്രിസ്റ്റഫർ ജോർജ് (രജിസ്ട്രേഷൻ) എന്നിവർ റിപ്പോർട്ടുകൾ അവതരിപ്പിച്ചു.
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (കജഇചഅ) ഹൂസ്റ്റൺ ചാപ്റ്റർ ജൂലൈ 18ന് 2 മണിക്ക് സംഘടിപ്പിക്കുന്ന പ്രസ് മീറ്റിന് നേതൃത്വം നൽകും. ഓഗസ്റ്റ് 2ന് നടക്കുന്ന ന്ധഫോമാ ക്രോസ് ഫയർന്ധ എന്ന പ്രത്യേക സംവാദത്തിൽ അമേരിക്കൻ മലയാളി സംഘടനകളും മാധ്യമ പ്രതിനിധികളും പങ്കെടുക്കും. കൺവൻഷന്റെ ശ്രദ്ധേയമായ പരിപാടികളിലൊന്നായിരിക്കുമെന്ന് കോർഡിനേറ്റർ ജീമോൻ റാന്നി അറിയിച്ചു. ഡോ. റെയ്ന റോക്ക് നേതൃത്വം നൽകുന്ന മെഡിക്കൽ ഫെയറും ശനിയാഴ്ച നടക്കും. കൂടുതൽ ആളുകളുടെ പങ്കാളിത്തം ഉറപ്പാക്കാൻ പ്രത്യേക ക്രമീകരണങ്ങളും ആരംഭിച്ചിട്ടുണ്ടെന്ന് റെയ്ന പറഞ്ഞു.
റീജണുകളിൽ നിന്നുള്ള പ്രവർത്തകരെ പങ്കെടുപ്പിച്ച് നടക്കുന്ന വർണാഭമായ ഉദ്ഘാടന ഘോഷയാത്രയ്ക്ക് ദേശീയ ചെയർമാൻ തോമസ് ഒലിയാംകുന്നേൽ നേതൃത്വം നൽകും. ഘോഷയാത്ര വിജയിപ്പിക്കാൻ എല്ലാ റീജിയനുകളുടെയും സഹകരണം അദ്ദേഹം അഭ്യർഥിച്ചു. ഇതോടനുബന്ധിച്ച് നടക്കുന്ന 56 ഗെയിം ചീട്ടുകളി മത്സരം വിജയികൾക്ക് ആകർഷകമായ ക്യാഷ് പ്രൈസുകളും നൽകും.
കൺവൻഷൻ നാഷണൽ മീഡിയ ചെയർ സൈമൺ വളാച്ചേരിൽ മീഡിയ പ്രവർത്തനങ്ങളുടെ പുരോഗതി വിശദീകരിച്ചു. കൺവൻഷനെ അനുബന്ധിച്ച് പ്രത്യേക സപ്ലിമെന്റ് തയ്യാറാക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
വ്യാഴാഴ്ച മുതൽ ഞായറാഴ്ച വരെ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഫസ്റ്റ് എയ്ഡ് ടീമിന് ആൻസി ശാമുവേൽ, മെർലിൻ സാജൻ എന്നിവർ നേതൃത്വം നൽകും.ഫോമാ ദേശീയ റീജിയൻ നേതാക്കളായ എസ്. കെ. ചെറിയാൻ, മിഖായേൽ ജോയ് (മിക്കി), തോമസ് ജോർജ് (സഞ്ജു), സാജൻ ജോൺ, ശശി പിള്ള, ഡെന്നിസ് മാത്യു, ഇന്നസെന്റ് തുടങ്ങിയവരും ചർച്ചകളിൽ സജീവമായി പങ്കെടുത്തു. അമേരിക്കൻ മലയാളി സമൂഹത്തിന്റെ അഭിമാന സമ്മേളനമായി ഫോമാ ഇന്റർനാഷണൽ ഫാമിലി കൺവൻഷനെ മാറ്റാൻ എല്ലാ മലയാളികളുടെയും പിന്തുണയും പങ്കാളിത്തവും സംഘാടകർ അഭ്യർഥിച്ചു.